തൃശൂർ: യുഡിഎഫ് സർക്കാരിനെ വിമർശിച്ച് കുന്നംകുളം പൊലിസ് സ്റ്റേഷനിൽ മർദനത്തിനിരയായ യുവാവ്. നിയമപോരാട്ടത്തിലൂടെ പൊലിസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നിട്ട് ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് യൂത്ത്കോൺഗ്രസ് നേതാവായ സുജിത്ത് ആരോപിച്ചു.
അധികാരത്തിലെത്തിയ നേതാക്കൾ വാക്ക് പാലിച്ച് പ്രവർത്തിച്ചുകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച തുറന്ന കത്തിലാണ് സുജിത്തിന്റെ വിമർശനം. പൊലിസ് മർദനത്തിനിരയായപ്പോൾ തനിക്കൊപ്പം ഉണ്ടാകുമെന്നും നീതിക്കായി അവസാനംവരെ പോരാടുമെന്നും മർദിച്ച ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കുമെന്നും അന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്ന് സുജിത്ത് പറയുന്നു.
ആ വാക്ക് വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വർഷം കഴിഞ്ഞു. നമ്മുടെ സർക്കാർ വന്നു. പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ ആഭ്യന്തരമന്ത്രിയും മറ്റൊരാൾ കെപിസിസി പ്രസിഡന്റായി തുടരുകയും ചെയ്യുന്നു. എന്നാൽ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സുജിത്ത് ചോദിച്ചു.
തനിക്ക് രാഷ്ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്. അതിനായി ഒരു വർഷമായി കാത്തിരിക്കുന്ന തന്നോട് നേതാക്കൾക്ക് എന്താണ് പറയാനുള്ളത്. നീതി വൈകുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയായി മാറരുതെന്നും സുജിത്ത് പറയുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി സണ്ണി ജോസഫ് എന്നിവരെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
2023ലാണ് കുന്നംകുളം പൊലിസ് സ്റ്റേഷനിൽവച്ച് സുജിത്തിന് മർദനമേറ്റത്. രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തന്നെ മർദിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും സർവീസിൽനിന്ന് പുറത്താക്കണമെന്നാണ് സുജിത്തിന്റെ ആവശ്യം.